ഈ നഗരം
ഈ നഗരത്തെയിനി
പിരിയാനാകില്ല
നെറുക ചൂഴുന്ന
ഇതിന്‍റെ വെയിലില്‍
ഇണ ചേര്‍ന്നിഴയുന്ന പാതകള്‍
ഫണം വിടര്‍ത്തുമെങ്കിലും
ഇതിന്‍റെ മൃതസന്ധ്യകളുടെ
ഉലര്‍ന്ന ചുണ്ടുകളില്‍
ഉറയാത്ത കാമം
അറപ്പിക്കുമെങ്കിലും
കുതറുന്തോറും
ഇറുക്കമേറും
ആവര്‍ത്തനങ്ങളാല്‍
ഇതു നീട്ടുമാലിംഗനം.
ഒറ്റ വേഗം
ഒരേ നിറം
മറുവിളിയില്ലാത്ത
ഒരേ നിശബ്ദത
നുരയടങ്ങാത്ത
തീക്കുഴമ്പിന്‍റെ
ലഹരി തീര്‍ക്കും
ഇതിന്‍റെ സൗഹൃദം
യാത്ര പോകുമ്പോള്‍
പതിഞ്ഞ താളത്തില്‍
'തിരിച്ചുവാ'യെന്നു
സ്നേഹഗദ്ഗദം.
ഇതിന്‍റെ പ്രണയം
എന്‍റെ മുറിവുകളില്‍
പഴുത്തുകിടക്കുന്ന
മദജലം.
ഇതിന്‍റെ ഓര്‍മ
ഞാനുറങ്ങുന്ന
പൂക്കാത്ത മരത്തിന്‍റെ
പൊത്ത്.